ഉള്ളടക്കത്തിലേക്ക് പോകുക

വസ്തുതകളുടെ ക്രൂരമായ യാഥാർഥ്യം

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി മൂലം മരിക്കാൻ സാധ്യതയുണ്ട്.

സ്പ്രേകളിൽ നിന്ന് പുറന്തള്ളുന്ന വാതകം ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോണിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധ്യതയുണ്ട്.

2000 ആകുമ്പോഴേക്കും നമ്മുടെ ഭൂമിയുടെ അടിത്തട്ട് കാലിയാകുമെന്ന് ചില വിദഗ്ധർ പ്രവചിക്കുന്നു.

കടൽ മലിനീകരണം മൂലം സമുദ്രത്തിലെ ജീവിവർഗ്ഗങ്ങൾ ചത്തൊടുങ്ങുന്നു, ഇത് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മൾ ഈ പോകുന്ന രീതിയിൽ പോയാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വലിയ നഗരങ്ങളിലെ ആളുകൾ പുകയിൽ നിന്ന് രക്ഷനേടാൻ ഓക്സിജൻ മാസ്കുകൾ ഉപയോഗിക്കേണ്ടിവരും എന്നതിൽ സംശയമില്ല.

നിലവിലെ സ്ഥിതിയിൽ മലിനീകരണം തുടർന്നുപോയാൽ അധികം വൈകാതെ മത്സ്യങ്ങളെ ഭക്ഷിക്കാൻ പോലും സാധിക്കാതെ വരും, കാരണം മലിനമായ വെള്ളത്തിൽ ജീവിക്കുന്ന മത്സ്യങ്ങൾ ആരോഗ്യത്തിന് ഹാനികരമാകും.

2000-ാമാണ്ട് ആകുന്നതിനു മുൻപ് ശുദ്ധമായ വെള്ളത്തിൽ കുളിക്കാൻ കഴിയുന്ന ഒരു കടൽ തീരം കണ്ടെത്താൻ പോലും സാധിക്കാത്ത അവസ്ഥ വരും.

അമിതമായ ഉപഭോഗവും, മണ്ണിന്റെയും ഭൂമിക്കടിയിലെ വിഭവങ്ങളുടെയും ചൂഷണവും കാരണം, കൃഷിക്ക് ആവശ്യമായവ ഉത്പാദിപ്പിക്കാൻ ഭൂമിക്ക് കഴിയാതെ വരും.

“ബുദ്ധിയുള്ള മൃഗം” എന്ന് തെറ്റായി വിളിക്കപ്പെടുന്ന മനുഷ്യൻ, മാലിന്യം കൊണ്ട് കടലിനെ മലിനമാക്കുകയും, വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള പുക കൊണ്ട് അന്തരീക്ഷം വിഷലിപ്തമാക്കുകയും, ഭൂമിക്കടിയിലുള്ള ആണവ സ്ഫോടനങ്ങൾ നടത്തിയും, ഭൂമിയുടെ പാളിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചും ഭൂമിയെ നശിപ്പിക്കുന്നു. ഇത് മൂലം നമ്മുടെ ഭൂമി ഒരു വലിയ ദുരന്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

“ബുദ്ധിയുള്ള മൃഗം” മണിക്കൂറുകൾക്കുള്ളിൽ പ്രകൃതിയെ നശിപ്പിക്കുന്നതിനാൽ ലോകത്തിന് 2000-ാമാണ്ടിന്റെ പരിധി കടന്നുപോകാൻ കഴിയില്ല.

തെറ്റായി മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന “വിവേകമുള്ള സസ്തനി” ഭൂമിയെ നശിപ്പിക്കാൻ ശ്രമിക്കുന്നു, വാസയോഗ്യമല്ലാതാക്കാൻ ശ്രമിക്കുന്നു, അത് വിജയിക്കുകയും ചെയ്യുന്നു.

കടലുകളുടെ കാര്യം പറയുകയാണെങ്കിൽ, എല്ലാ രാജ്യങ്ങളും ചേർന്ന് കടലിനെ ഒരു വലിയ മാലിന്യ കൂമ്പാരമാക്കി മാറ്റിയിരിക്കുന്നു.

ലോകത്തിലെ മാലിന്യത്തിന്റെ 70 ശതമാനവും കടലുകളിലേക്കാണ് പോകുന്നത്.

വലിയ അളവിലുള്ള പെട്രോളിയം, എല്ലാത്തരം കീടനാശിനികൾ, രാസവസ്തുക്കൾ, വിഷവാതകങ്ങൾ, ന്യൂറോടോക്സിക് വാതകങ്ങൾ, ഡിറ്റർജന്റുകൾ തുടങ്ങിയവ സമുദ്രത്തിലെ എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുന്നു.

കടൽ പക്ഷികളും, ജീവന് അത്യന്താപേക്ഷിതമായ പ്ലാങ്ക്ടണുകളും നശിച്ചു കൊണ്ടിരിക്കുന്നു.

കടലിലെ പ്ലാങ്ക്ടണുകളുടെ നാശം വളരെ ഗുരുതരമായ പ്രശ്നമാണ്, കാരണം ഈ സൂക്ഷ്മജീവികളാണ് 70% ഓക്സിജനും ഉത്പാദിപ്പിക്കുന്നത്.

ശാസ്ത്രീയ ഗവേഷണത്തിലൂടെ അറ്റ്ലാന്റിക്കിന്റെയും പസഫിക്കിന്റെയും ചില ഭാഗങ്ങൾ ആണവ സ്ഫോടനങ്ങളുടെ അവശിഷ്ട്ടങ്ങൾ കാരണം മലിനമായിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിലെ പല നഗരങ്ങളിലും, പ്രത്യേകിച്ച് യൂറോപ്പിൽ, ശുദ്ധമായ വെള്ളം കുടിക്കുകയും, അത് പുറന്തള്ളുകയും, ശുദ്ധീകരിക്കുകയും വീണ്ടും കുടിക്കുകയും ചെയ്യുന്നു.

വലിയ “സൂപ്പർ-സംസ്കാര” നഗരങ്ങളിൽ, മേശപ്പുറത്ത് വിളമ്പുന്ന വെള്ളം മനുഷ്യ ശരീരത്തിലൂടെ പലതവണ കടന്നുപോകുന്നു.

വെനിസ്വേലയുമായുള്ള അതിർത്തിയിലുള്ള കൊളംബിയയിലെ കുക്കുട്ട നഗരത്തിൽ, ആളുകൾ പാമ്പ്ലോണയിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ഒഴുക്കുന്ന നദിയിലെ കറുത്തതും വൃത്തികെട്ടതുമായ വെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു.

“നോർത്ത് പേൾ” (കുക്കുട്ട) എന്നറിയപ്പെടുന്ന ഈ നഗരത്തിന് വളരെ ദോഷകരമായ പാമ്പ്ലോണിറ്റ നദിയെക്കുറിച്ച് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നു.

ഭാഗ്യവശാൽ ഇപ്പോൾ നഗരത്തിലേക്ക് വെള്ളം എത്തിക്കാൻ മറ്റൊരു അക്വാഡക്ട് ഉണ്ട്, എന്നിരുന്നാലും പാമ്പ്ലോണിറ്റ നദിയിലെ കറുത്ത വെള്ളം കുടിക്കുന്നത് ആളുകൾ നിർത്തിയിട്ടില്ല.

യൂറോപ്പിലെ വൻ നഗരങ്ങളിലെ കറുത്ത വെള്ളം ശുദ്ധീകരിക്കാൻ വലിയ ഫിൽട്ടറുകളും, ഭീമൻ യന്ത്രങ്ങളും, രാസവസ്തുക്കളും ഉപയോഗിക്കുന്നു, എന്നിരുന്നാലും ഈ വൃത്തികെട്ട വെള്ളത്തിലൂടെ പകർച്ചവ്യാധികൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. കാരണം ഇത് പലതവണ മനുഷ്യശരീരത്തിലൂടെ കടന്നുപോയ വെള്ളമാണ്.

പ്രശസ്ത ബാക്ടീരിയോളജിസ്റ്റുകൾ തലസ്ഥാന നഗരങ്ങളിലെ കുടിവെള്ളത്തിൽ എല്ലാത്തരം വൈറസുകൾ, കോളിബാസിലുകൾ, രോഗകാരികൾ, ക്ഷയം, ടൈഫോയ്ഡ്, വസൂരി, ലാർവകൾ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.

വിശ്വസിക്കാൻ കഴിയാത്തവിധം യൂറോപ്യൻ രാജ്യങ്ങളിലെ കുടിവെള്ള പ്ലാന്റുകളിൽ പോലും പോളിയോ വാക്സിൻ വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ, ജലത്തിന്റെ പാഴാക്കൽ ഭയാനകമാണ്: 1990-ൽ മനുഷ്യൻ ദാഹം കൊണ്ട് മരിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞർ പറയുന്നു.

ഇതിലും ഭീകരമായ കാര്യം എന്തെന്നാൽ ശുദ്ധജലത്തിന്റെ ഭൂഗർഭ ശേഖരം “ബുദ്ധിയുള്ള മൃഗത്തിന്റെ” ദുരുപയോഗം കാരണം അപകടത്തിലാണ്.

പെട്രോളിയം കിണറുകൾ കരുണയില്ലാതെ ചൂഷണം ചെയ്യുന്നത് ഇപ്പോഴും വിനാശകരമാണ്. ഭൂമിക്കടിയിൽ നിന്ന് എടുക്കുന്ന എണ്ണ, ഭൂഗർഭജലത്തിലൂടെ കടന്നുപോവുകയും അത് മലിനമാക്കുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി, പെട്രോളിയം ഒരു നൂറ്റാണ്ടിലേറെയായി ഭൂഗർഭജലം ഉപയോഗശൂന്യമാക്കി.

തത്ഫലമായി സസ്യങ്ങൾ നശിക്കുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്യുന്നു.

ഇനി നമുക്ക് ജീവന് അത്യന്താപേക്ഷിതമായ വായുവിനെക്കുറിച്ച് സംസാരിക്കാം.

ഓരോ ശ്വാസമെടുക്കുമ്പോഴും ശ്വാസകോശം അര ലിറ്റർ വായു എടുക്കുന്നു, അതായത് ഒരു ദിവസം ഏകദേശം 12 ഘനമീറ്റർ വായു. ഈ അളവിനെ ഭൂമിയിലുള്ള 450 കോടി ജനസംഖ്യയുമായി ഗുണിക്കുമ്പോൾ മനുഷ്യരാശിക്ക് ദിവസവും ആവശ്യമായ ഓക്സിജന്റെ അളവ് ലഭിക്കും. ഇതിൽ മറ്റു മൃഗങ്ങളുടെ അളവ് ഉൾപ്പെടുന്നില്ല.

നാം ശ്വസിക്കുന്ന ഓക്സിജൻ മുഴുവനും അന്തരീക്ഷത്തിലാണ് ഉള്ളത്. ഇത് പ്ലാങ്ക്ടണുകൾ കാരണവും, സസ്യങ്ങളുടെ പ്രകാശ സംശ്ലേഷണ പ്രവർത്തനം കാരണവുമാണ് ഉണ്ടാകുന്നത്.

നിർഭാഗ്യവശാൽ ഓക്സിജൻ ശേഖരം കുറഞ്ഞു വരികയാണ്.

“വിവേകമുള്ള സസ്തനി” എന്ന് തെറ്റായി വിളിക്കപ്പെടുന്ന മനുഷ്യൻ, എണ്ണമറ്റ വ്യവസായങ്ങളിലൂടെ സൂര്യരശ്മികളുടെ അളവ് കുറയ്ക്കുന്നു. പ്രകാശ സംശ്ലേഷണത്തിന് സൂര്യരശ്മി വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സസ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഓക്സിജന്റെ അളവ് കഴിഞ്ഞ നൂറ്റാണ്ടിലേതിനെക്കാൾ വളരെ കുറവാണ്.

ഈ ലോക ദുരന്തത്തിലെ ഏറ്റവും ഗുരുതരമായ കാര്യം, “ബുദ്ധിയുള്ള മൃഗം” കടലുകളെ മലിനമാക്കുകയും, പ്ലാങ്ക്ടണുകളെ നശിപ്പിക്കുകയും, സസ്യജാലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്.

“വിവേകമുള്ള മൃഗം” സങ്കടകരമെന്നു പറയട്ടെ ഓക്സിജന്റെ ഉറവിടം നശിപ്പിക്കുന്നത് തുടരുന്നു.

“വിവേകമില്ലാത്ത മനുഷ്യൻ” തുടർച്ചയായി വായുവിലേക്ക് പുറന്തള്ളുന്ന “സ്മോഗ്” (Smog), മരണത്തിനു പുറമെ ഭൂമിയുടെ നിലനിൽപ്പിന് തന്നെ അപകടമുണ്ടാക്കുന്നു.

“സ്മോഗ്” ഓക്സിജൻ ശേഖരം ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത്, മനുഷ്യരെ കൊല്ലുകയും ചെയ്യുന്നു.

“സ്മോഗ്” ചികിത്സിക്കാൻ സാധിക്കാത്തതും അപകടകരവുമായ രോഗങ്ങൾക്ക് കാരണമാകുന്നു, ഇത് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

“സ്മോഗ്” സൂര്യരശ്മികളുടെയും അൾട്രാവയലറ്റ് രശ്മികളുടെയും കടന്നുവരവിനെ തടസ്സപ്പെടുത്തുന്നു, അതിനാൽ ഇത് അന്തരീക്ഷത്തിൽ ഗുരുതരമായ തകരാറുകൾ ഉണ്ടാക്കുന്നു.

ഇനി വരുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളുടെയും, ഹിമാനികളുടെയും, ധ്രുവീയ മഞ്ഞുമലകൾ ഭൂമധ്യരേഖയിലേക്ക് നീങ്ങുന്നതിന്റെയും, ഭയാനകമായ ചുഴലിക്കാറ്റുകളുടെയും, ഭൂകമ്പങ്ങളുടെയും കാലമാണ്.

വൈദ്യുതിയുടെ ഉപയോഗം കാരണമല്ല, ദുരുപയോഗം കാരണം 2000-ാമാണ്ടിൽ ഭൂമിയിൽ ചൂട് കൂടും, ഇത് ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണ പ്രക്രിയയെ സഹായിക്കും.

ഉടൻ തന്നെ ധ്രുവങ്ങൾ ഭൂമധ്യരേഖയായി മാറും, ഭൂമധ്യരേഖ ധ്രുവങ്ങളായി മാറും.

ധ്രുവങ്ങളിലെ മഞ്ഞുമലകൾ ഉരുകാൻ തുടങ്ങി, ഇത് പുതിയൊരു പ്രളയത്തിന് തുടക്കം കുറിക്കും.

വരും ദശകങ്ങളിൽ “കാർബൺ ഡൈ ഓക്സൈഡ്” വർദ്ധിക്കും, ഈ രാസവസ്തു ഭൂമിയുടെ അന്തരീക്ഷത്തിൽ കട്ടിയുള്ള ഒരു പാളിയായി രൂപം കൊള്ളും.

ഈ പാളി താപ വികിരണം ആഗിരണം ചെയ്യുകയും വിനാശകരമായ ഹരിതഗൃഹമായി പ്രവർത്തിക്കുകയും ചെയ്യും.

അതുപോലെ പല സ്ഥലങ്ങളിലും ഭൂമിയുടെ കാലാവസ്ഥ ചൂടാകുകയും ഈ ചൂട് ധ്രുവങ്ങളിലെ മഞ്ഞലിയിക്കാൻ കാരണമാകുകയും ഇത് സമുദ്രനിരപ്പ് ഉയർത്താൻ കാരണമാകുകയും ചെയ്യും.

സ്ഥിതി അതീവ ഗുരുതരമാണ്, ഫലഭൂയിഷ്ഠമായ മണ്ണ് ഇല്ലാതാകുന്നു, കൂടാതെ ഭക്ഷണം ആവശ്യമുള്ള രണ്ട് ലക്ഷം ആളുകൾ ദിനംപ്രതി ജനിക്കുന്നു.

വരാനിരിക്കുന്ന ലോകത്തിലെ പട്ടിണി ഒരു ഭീകര കാഴ്ചയായിരിക്കും, ഇത് നമ്മുടെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ 40 ദശലക്ഷം ആളുകൾ പ്രതിവർഷം വിശപ്പ് കാരണം മരിക്കുന്നു.

വനങ്ങളുടെ കുറ്റകരമായ വ്യവസായവൽക്കരണവും, ഖനികളുടെയും പെട്രോളിയത്തിന്റെയും ദാരുണമായ ചൂഷണവും ഭൂമിയെ മരുഭൂമിയാക്കി മാറ്റുന്നു.

ആണവോർജ്ജം മനുഷ്യരാശിക്ക് മാരകമാണെന്നത് ശരിയാണെങ്കിലും, നിലവിൽ “മരണ രശ്മികൾ”, “മൈക്രോബിയൽ ബോംബുകൾ”, ശാസ്ത്രജ്ഞർ കണ്ടുപിടിച്ച മറ്റ് ഭയാനകമായതും വിനാശകരവുമായ നിരവധി ഘടകങ്ങളും നിലവിലുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

ആണവോർജ്ജം ഉത്പാദിപ്പിക്കാൻ നിയന്ത്രിക്കാൻ പ്രയാസമുള്ളതും ഏത് നിമിഷവും ഒരു ദുരന്തത്തിന് കാരണമായേക്കാവുന്നതുമായ വലിയ അളവിലുള്ള ചൂട് ആവശ്യമാണ് എന്നതിൽ സംശയമില്ല.

ആണവോർജ്ജം ഉത്പാദിപ്പിക്കാൻ വലിയ അളവിലുള്ള റേഡിയോആക്ടീവ് ധാതുക്കൾ ആവശ്യമാണ്, അതിൽ നിന്ന് 30% മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു, ഇത് ഭൂമിക്കടിയിലുള്ള വിഭവങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

ഭൂമിക്കടിയിൽ അവശേഷിക്കുന്ന ആണവ മാലിന്യം ഭയാനകമാംവിധം അപകടകരമാണ്. ആണവ മാലിന്യം സുരക്ഷിതമായി സൂക്ഷിക്കാൻ ഒരിടവുമില്ല.

ഒരു ആണവ മാലിന്യ സംഭരണിയിൽ നിന്ന് വാതകം പുറത്തുപോയാൽ, ഒരു ചെറിയ അളവിൽ ആണെങ്കിൽ പോലും ദശലക്ഷക്കണക്കിന് ആളുകൾ മരിക്കും.

ഭക്ഷണത്തിലെയും വെള്ളത്തിലെയും മലിനീകരണം ജനിതക മാറ്റങ്ങൾക്കും മനുഷ്യരൂപത്തിലുള്ള രാക്ഷസന്മാർക്കും കാരണമാകുന്നു: വൈകല്യമുള്ളതും ഭീകരവുമായ ജീവികൾ ജനിക്കുന്നു.

1999-ന് മുമ്പ് ഒരു വലിയ ആണവ അപകടം സംഭവിക്കുകയും അത് ഭയാനകമായ സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.

തീർച്ചയായും മനുഷ്യരാശിക്ക് എങ്ങനെ ജീവിക്കണമെന്ന് അറിയില്ല, മനുഷ്യൻ ഭയാനകമാംവിധം അധഃപതിച്ചു, സത്യം പറഞ്ഞാൽ മനുഷ്യൻ ഒരു കൊക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഈ വിഷയത്തിലെ ഏറ്റവും ഗുരുതരമായ കാര്യം, ഈ നാശത്തിന്റെ കാരണങ്ങൾ അതായത്: പട്ടിണി, യുദ്ധങ്ങൾ, നാം ജീവിക്കുന്ന ഗ്രഹത്തിന്റെ നാശം തുടങ്ങിയവ നമ്മളിൽത്തന്നെയുണ്ട്, അത് നമ്മുടെ ഉള്ളിൽ, നമ്മുടെ മാനസികാവസ്ഥയിൽ തന്നെയുണ്ട്.